Close

ചരിത്രം

2,132 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന വയനാടിന് ശക്തമായ ചരിത്രമുണ്ട്. ഈ ഭാഗങ്ങളിൽ, ചുരുങ്ങിയത്, ക്രിസ്തുവിനു പത്തു നൂറ്റാണ്ടെങ്കിലും മുൻപേ മാനുഷികജീവിതം നിലനിന്നിരുന്നുവെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്. വയനാട്ടിലെ കുന്നുകളിൽ പുതിയ ശിലായുഗ സംസ്കാരത്തെക്കുറിച്ചുള്ള നിരവധി തെളിവുകൾ കാണാം. സുൽത്താൻ ബത്തേരിക്കും അമ്പലവയത്തിനും ഇടയിലെ അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകൾ, അവയുടെ ചുവരുകളിലെ ചിത്രങ്ങൾ, ചിത്രചനകൾ എന്നിവ പുരാതന സംസ്കാരത്തെ കുറിച്ച് വാചാലമായി സംസാരിക്കുന്നു. ഈ ജില്ലയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം പതിനെട്ടാം നൂറ്റാണ്ട് മുതൽ ലഭ്യമാണ്. പുരാതന കാലത്ത് ഈ നാടിനെ വേടരാജാക്കന്മാർ ഭരിച്ചു. പിൽക്കാലത്ത് കോട്ടയം രാജവംശത്തെ പഴശ്ശി രാജാക്കന്മാരുടെ കീഴിലായിരുന്നു വയനാട്. ഹൈദർ അലി മൈസൂർ ഭരണാധികാരിയായപ്പോൾ അദ്ദേഹം വയനാട് ആക്രമിച്ചു തന്റെ അധീനതയിലാക്കി. ടിപ്പുവിന്റെ കാലത്ത് വയനാട് കോട്ടയം രാജവംശത്തിലേക്ക് പുനഃസ്ഥാപിച്ചത്. പക്ഷേ ശ്രീരംഗപട്ടണം സമാധാന ഉടമ്പടിയ്കു് ശേഷം മലബാർ പ്രദേശം മുഴുവൻ ടിപ്പു ബ്രിട്ടീഷുകാർക്ക് കൈമാറി. പിന്നീട് ബ്രിട്ടീഷുകാരും കേരള വർമ്മ പഴശ്ശി രാജയും തമ്മിൽ കടുത്ത ഏറ്റുമുട്ടലുകൾ ഉണ്ടായി. പഴശ്ശി രാജ വയനാട്ടൻ കാട്ടിലേക്ക് പോയി കുറിച്യ ഗോത്രക്കാരെ സംഘടിപ്പിച്ചു ബ്രിട്ടീഷുകാരുമായി ഒളിപ്പോരാട്ടം നടത്തി. അവസാനം, രാജ സ്വയം ജീവത്യാഗം ചെയ്തു. കാട്ടിൽ നിന്നു അദ്ദേഹത്തിന്റെ മൃതദേഹം മാത്രമേ ബ്രിട്ടീഷുകാർക്ക് ലഭിച്ചുള്ളു. അങ്ങനെ വയനാട് ബ്രിട്ടീഷുകാരുടെ കൈകളിലെത്തി, ഈ പ്രദേശത്തിന് പുതിയൊരു ദിശ വന്നു. ബ്രിട്ടീഷ് അധികാരികൾ തേയില, മറ്റു നാണ്യവിളകൾ കൃഷി ചെയ്യാൻ വയനാട് തുറന്നുകൊടുത്തു. കോഴിക്കോടും തലശ്ശേരിയുമായ വയനാട്ടിലെ അപകടകരമായ ചെരിവുകളിൽ റോഡുകൾ നിർമിക്കപ്പെട്ടു. ഈ റോഡുകൾ മൈസൂർ, ഊട്ടി തുടങ്ങിയ നഗരങ്ങളിലേക്ക് ഗുഡലൂരു വഴി നീട്ടി. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഈ റോഡുകളിലൂടെ കുടിയേറിപ്പാർത്തവർക്ക് ഈ കന്യാവനഭൂമി നാണ്യവിളകളുടെ അവിശ്വസനീയമായ ആദായം കൊണ്ട് ഒരു സ്വർണ്ണ ഖനി ആണെന്ന് തെളിഞ്ഞു. 1956 നവംബറിൽ കേരളം രൂപീകൃതമായപ്പോൾ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു വയനാട്. പിന്നീട് തെക്കൻ വയനാട് കോഴിക്കോട് ജില്ലയിലേക്ക് ചേർക്കപ്പെട്ടു. വയനാട്ടിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി നോർത്ത് വയനാട്, സൗത്ത് വയനാട് എന്നിവ വയനാട് ജില്ല രൂപീകരിക്കാനായി ഒന്നിച്ചു ചേർന്നു. 1980 നവംബർ 1 നാണ് ഈ ജില്ല രൂപീകൃതമായത്.