Close

കാലവര്‍ഷക്കെടുതി: സൈന്യം രക്ഷാപ്രവര്‍ത്തിനെത്തി

10/08/2018 - 31/08/2018 Wayanad

കാലവര്‍ഷക്കെടുതി: സൈന്യം രക്ഷാപ്രവര്‍ത്തിനെത്തി

അതീവ ജാഗ്രത പാലിക്കണം, ദുരന്തനിവാരണ സേനയുടെ നിര്‍ദ്ദേശം അനുസരിക്കണം

കാലവര്‍ഷക്കെടുതി നേരിടുന്നതിന് ചെന്നൈയില്‍ നിന്ന് എന്‍ഡിആര്‍എഫ്, കൊച്ചിയില്‍ നിന്ന് സര്‍വ്വ സന്നാഹങ്ങളോടെ സൈന്യം, കണ്ണൂരില്‍ നിന്ന് ഡിഎസ്സി എന്നിവര്‍ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തിനെത്തി. ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 398.71 എം.എം. മഴയാണ്. ഇത് ജില്ലയില്‍ കനത്ത നാശനഷ്ടം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായും പാലിക്കണം.

പൊതുജനങ്ങള്‍ യാത്ര പരമാവധി പരിമിതപ്പെടുത്തുവാന്‍ ശ്രദ്ധിക്കണം.
പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയര്‍ന്ന് വരികയാണ്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
ബാണാസുര സാഗര്‍ ഡാമില്‍ നിന്നും പരമാവധി അളവില്‍ വെള്ളം തുറന്ന് വിടുന്നതിനാല്‍ അനുബന്ധ പുഴകളില്‍ യാതൊരു കാരണവശാലും ഇറങ്ങരുത്.
റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചില്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാകുക.
കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം
ജില്ലയിലെ ഫയര്‍ഫോഴ്സ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ മേഖലയില്‍ വിശ്രമമില്ലാതെ ജോലി ചെയ്തുവരുന്നു. ആര്‍മി, നേവി, എന്‍.ഡി.ആര്‍.എഫ് എന്നീ സേനകള്‍ കൂടി ഉടന്‍ തന്നെ ജില്ലയില്‍ എത്തിച്ചേരുന്നതും റസ്ക്യൂ നടപടികളില്‍ പങ്ക് ചേരുന്നതാണ്.
ആഗസ്ത് 9ന് ശക്തമായ (24 മണിക്കൂറില്‍ 7 മുതല്‍ 11 സെ.മി. വരെ) മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്‍റെ അറിയിപ്പുണ്ട്. പരമാവധി അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങളുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാവണമെന്നും അതോടൊപ്പം ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.